കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന ‘സിഎംഒ മീഡിയ’ എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ‘ഒപ്പോസിഷൻ മീഡിയ’ എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന് പിന്നാലെ കനത്ത തോൽവിയും തുടർന്നുണ്ടായ മാറ്റങ്ങളെയും തുടർന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാർത്താ വിതരണ സംവിധാനങ്ങളിൽ നിർണ്ണായക മാറ്റം. സാങ്കേതികമായി ഇനി മുഖ്യമന്ത്രി എന്ന നിലയിൽ പഴയ പേരിൽ തുടരാനാവാത്ത സാഹചര്യത്തിലാണ് ഈ മാറ്റമെങ്കിലും ആ ഗ്രൂപ്പ് അതേപടി നിലനിൽക്കുമെന്നും വാർത്താ വിതരണം തുടരുമെന്നുമാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ബയോയിൽ നിന്ന് മുഖ്യമന്ത്രി എന്ന പദവി അദ്ദേഹം നേരത്തെ നീക്കം ചെയ്തിരുന്നു. നിലവിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ പ്രൊഫൈലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാനോ ഔദ്യോഗികമായ ഒരു വിശദീകരണം നൽകാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. പരാജയത്തിന് ശേഷം ഔദ്യോഗിക വേഷവിധാനങ്ങളിലും യാത്രാ സൗകര്യങ്ങളിലും മുഖ്യമന്ത്രി മാറ്റങ്ങൾ വരുത്തിയിരുന്നു. ഇന്ന് വിമാനത്താവളത്തിൽ എത്തിയപ്പോൾ അദ്ദേഹം തന്റെ ഔദ്യോഗിക വാഹനം ഉപേക്ഷിക്കുകയും പകരം എകെജി സെന്ററിന്റെ വാഹനത്തിൽ വസതിയിലേക്ക് മടങ്ങുകയുമാണ് ചെയ്തത്.
