ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% വരെ തീരുവ ചുമത്തിയേക്കും. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസാണ് (USTR) ഈ നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഔദ്യോഗിക വ്യാപാര കരാർ ചർച്ചകൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. അമേരിക്കൻ ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആർ) ആണ് നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അമേരിക്കയുടെ നിർബന്ധിത തൊഴിൽ നിയമങ്ങൾ അനുസരിച്ച് ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളുടെ പേരിലാണ് നടപടി.ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി നിരവധി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 60 സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 12.5% വരെ അധിക താരിഫ് ചുമത്താനാണ് യുഎസ്‌ടിആർ നിർദ്ദേശിച്ചിരിക്കുന്നത്. യുഎസ്‌ടിആർ കണ്ടെത്തൽ പ്രകാരം, ഈ രാജ്യങ്ങൾ ഒന്നുകിൽ നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച സാധനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു, അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി.
പാകിസ്ഥാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾക്ക് ഇന്ത്യയേക്കാൾ കുറവ് തീരുവയാണ് അമേരിക്ക ചുമത്തുന്നത്. പാകിസ്ഥാൻ, കാനഡ, ഇക്വഡോർ, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് 10% തീരുവയാണ് യുഎസ്ടിആർ നിർദ്ദേശിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ രാജ്യങ്ങൾ നിർബന്ധിത തൊഴിലിലൂടെയുള്ള ഇറക്കുമതി തടയുന്നതിൽ പ്രതിബദ്ധത കാണിച്ചതായും ഇത്തരം ഇറക്കുമതികളുടെ നിരോധനം നടപ്പിലാക്കാൻ സമ്മതിച്ചതായും യുഎസ്ടിആർ വ്യക്തമാക്കി.
നിർബന്ധിത തൊഴിലിലൂടെയുള്ള ഇറക്കുമതി നിരോധിക്കുന്നതിലും അത് ഫലപ്രദമായി നടപ്പാക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടെന്നും ഇത് ന്യായീകരിക്കാനാകില്ലെന്നും യുഎസ്ടിആർ പറഞ്ഞു. സെക്ഷൻ 5 പ്രകാരം, ഇത്തരം ഇറക്കുമതി നിരോധനം നടപ്പാക്കുന്നത് പരാജയപ്പെട്ടാൽ അത് അമേരിക്കയുടെ വാണിജ്യ മേഖലയെ പ്രതികൂലമായി ബാധിക്കും. ഇക്കാരണങ്ങളാൽ ഫലങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ നയങ്ങളും നടപടികളും അമേരിക്കൻ വാണിജ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണെന്നാണെന്നും യുഎസ്ടിആർ കൂട്ടിച്ചേർത്തു.
1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമാണ് അമേരിക്കയുടെ പുതിയ നടപടി. വ്യാപാര കരാറുകളിലെ കടുത്ത ആവശ്യങ്ങൾ അംഗീകരിക്കാൻ പങ്കാളി രാജ്യങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്താൻ ഉപയോഗിച്ചിരുന്ന ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) തീരുവകളേക്കാൾ കടുത്തതായിരിക്കാം ഇതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം അമേരിക്ക മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇന്ത്യ നിരസിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും അത് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നതിന് കാരണമാകുകയും ചെയ്തു. തുടർന്ന് ഇന്ത്യയ്ക്ക് മേൽ അമേരിക്ക 50% നികുതി ചുമത്തുകയും ചെയ്തിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും ജനിതകമാറ്റം വരുത്തിയ അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ സ്വീകരിക്കണമെന്നുമുള്ള അമേരിക്കയുടെ ആവശ്യങ്ങൾ കാരണം മാസങ്ങളോളം ഔദ്യോഗിക വ്യാപാര കരാർ ഒപ്പിടാനാകാതെ നീണ്ടുപോകുകയായിരുന്നു.
പുതിയ തീരുവകൾ 2026 ജൂലൈ 7 മുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത. നിലവിൽ ഈ നടപടികളിൽ യുഎസ്ടിആർ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണ്. അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 6 ആണ്. ഇതിന്മേലുള്ള പൊതു ഹിയറിങ് ജൂലൈ 7ന് നടക്കുമെന്നാണ് റിപ്പോർട്ട്.
