രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വിലവർധനവിന് ശേഷം രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളിലെ വാണിജ്യ സിലിണ്ടർ നിരക്കുകളിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. കൊൽക്കത്തയിലാണ് ഏറ്റവും ഉയർന്ന നിരക്ക് (53.50 രൂപ) രേഖപ്പെടുത്തിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 42 രൂപയും കൊൽക്കത്തയിൽ 53.5 രൂപയും വർധിപ്പിച്ചു. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി(എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനയുണ്ട്. മുംബൈ, ചെന്നൈ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലും വിലയിൽ ആനുപാതികമായ വർധനവ് ഉണ്ടായിട്ടുണ്ട്.
19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് മുംബൈയിൽ 3,024.50 രൂപയും, ചെന്നൈയിൽ 3,232.00 രൂപയും, ഹൈദരാബാദിൽ 3,294.00 രൂപയും, പട്നയിൽ 3,322.00 രൂപയുമാണ് പുതുക്കിയ വില. ഇതോടെ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് ഉയരാൻ വിലവർധനവ് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫെബ്രുവരിയിൽ വാണിജ്യ എൽപിജി വില 49 രൂപ വർധിപ്പിച്ചിരുന്നു. തുടർന്ന് മാർച്ചിൽ 115 രൂപയും ഏപ്രിലിൽ സിലിണ്ടറിന് 993 രൂപ എന്ന വൻ വർധനവും വരുത്തിയിരുന്നു. വില ഉയർന്നതോടെ ഭക്ഷണങ്ങൾക്ക് അടക്കം വില വർധിപ്പിക്കാൻ ഹോട്ടലുകൾ നിർബന്ധിതരാവുകയായിരുന്നു.
