തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനം ഉണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച 14 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലു മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഏഴുപേരുടെ പൂർണ ശരീരം കണ്ടെത്തി. നിലവിൽ 11 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടുപേർ വെന്റിലേറ്ററിൽ. ഇന്നും കഡാവർ നായയുമായി നടത്തിയ തിരച്ചിലിൽ സമീപ പാടങ്ങളിൽ നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് ഏപ്രിൽ 21 ഉച്ചതിരിഞ്ഞ് 3.30 ഓടെ വൻ സ്ഫോടനം നടന്നത്. പരിക്കേറ്റവരിൽ ചിലരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരഭാഗങ്ങൾ ചിതറിയ നിലയിലായിരുന്നു.
തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് കത്തിയത്. കിലോമീറ്ററുകൾ ദൂരെ വരെ മുഴക്കം കേൾക്കുന്ന തരത്തിലുള്ള വലിയ സ്ഫോടനമാണ് ഉണ്ടായത്. അതേ സ്ഥലത്ത് തന്നെ തുടരെ വീണ്ടും സ്ഫോടനം നടന്നിരുന്നു. സ്ഫോടനം നടന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.

