നിരപരാധികളായ വിനോദസഞ്ചാരികളായ 26 പേരുടെ ജീവനെടുത്ത രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്. 2025 ഏപ്രിൽ 22 നാണ് ജമ്മുകശ്മീരിലെ പഹൽഗാമിലേക്ക് വിനോദസഞ്ചാരത്തിന് പോയവർക്ക് നേരെ ഭീകരാക്രമണം നടന്നത്. നേപ്പാൾ സ്വദേശി ഉൾപ്പെടെ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊച്ചി സ്വദേശി രാമചന്ദ്രന്റെയും ജീവൻ നഷ്ടപ്പെട്ടു. മതം ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ആളുകൾക്ക് നേരെ വെടിയുതിർത്തത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിൽ സാധാരണക്കാരുടെ മരണം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരൻ താഴ്വരയിലായിരുന്നു ആക്രമണം. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കകർ ഇ ത്വയ്ബയുമായി ബന്ധമുള്ള ‘ദ റസിസ്റ്റൻസ് ഫ്രണ്ട്’ (TRF) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ദുരന്തത്തിന് ദൃക്സാക്ഷികളായ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് ആ ദിവസത്തെ ആഘാതത്തിൽ നിന്ന് മുക്തരാകാൻ ഇന്നും കഴിഞ്ഞിട്ടില്ല.
ലഷ്കറെ തയിബയുടെ നിഴൽ സംഘടന ദ് റെസിസ്റ്റൻസ് ഫ്രണ്ടാണു ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. ആക്രമണം നടത്തിയ സുലൈമാൻ (ഹാഷിം മൂസ), അഫ്ഗാനി, ജിബ്രാൻ എന്നിവരെ കഴിഞ്ഞ ജൂലൈയിൽ സൈന്യം കൊലപ്പെടുത്തി. ഭീകരരെ സഹായിച്ച 2 തദ്ദേശീയരെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനുമായി അന്നു വിച്ഛേദിച്ച നയതന്ത്രബന്ധം ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. കനത്ത സുരക്ഷയിലാണു മേഖല. പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടി തുടങ്ങിയത്. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരരുടെ വീടുകൾ സൈന്യം തകർത്തെറിഞ്ഞു. ഈ സമയം തുടർച്ചയായി പാകിസ്ഥാൻ വെടിനിർത്തൽ നിയമം ലംഘിച്ചുകൊണ്ട് ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ ആക്രമണങ്ങൾ തുടർന്നിരുന്നു. മെയ് ഏഴിന് പുലർച്ചെ രണ്ട് മണിക്ക് പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകി. പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങൾ സൈന്യം തകർത്തു. ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാപരിശോധനയ്ക്കുശേഷമാണ് വീണ്ടും തുറന്നത്.
മതം ചോദിച്ച് തീവ്രവാദികൾ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

