തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി, തിരുച്ചിറപ്പള്ളി ഈസ്റ്റ്, കോയമ്പത്തൂർ സൗത്ത്, ഡോ. രാധാകൃഷ്ണൻ നഗർ എന്നിവയാണ് പ്രധാന മണ്ഡലങ്ങൾ. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മുതൽ തന്നെ മികച്ച പോളിംഗ് ശതമാനമാണ് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. അജിത് കുമാർ, കമൽഹാസൻ, വിജയ്, രജനികാന്ത്, തൃഷ, ശ്രുതി ഹാസൻ, അനിരുദ്ധ് രവിചന്ദർ തുടങ്ങി സിനിമാ ലോകത്തെ നിരവധി പ്രമുഖർ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിലെ കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്താൻ ലക്ഷ്യമിടുന്ന അദ്ദേഹം എഐഎഡിഎംകെ സ്ഥാനാർത്ഥി പി. സന്താന കൃഷ്ണനെതിരെയാണ് മത്സരിക്കുന്നത്. ഈ വർഷത്തെ തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന വ്യക്തിത്വം നടനും രാഷ്ട്രീയക്കാരനുമായ വിജയ്യാണ്. ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് സീറ്റുകളിലാണ് അദ്ദേഹം മത്സരിക്കുന്നത്. തന്റെ ആദ്യ തിരഞ്ഞെടുപ്പിനായി തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ്, 233 സ്ഥാനാർത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.
കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 5,73, 43,291വോട്ടർമാർക്കായി 75,064 പോളിംഗ് സ്റ്റേഷൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തെ കൂടാതെ തമിഴ്നാട് പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മെയ് 4-ന് നടക്കും.

