എരുമേലി കണ്ണിമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ പത്ത് വയസ്സുകാരി സംഗമിത്രയാണ് മരിച്ചത്. മൃതദേഹം ഇപ്പോൾ എരുമേലി സർക്കാർ ആശുപത്രിയിലാണ്. ഇന്ന് വൈകിട്ട് 3.15 നാണ് അപകടം. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 17 തീർത്ഥാടകർക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ചെന്നൈയിൽനിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപെട്ടത്.
ചെന്നൈ താംബരം സ്വദേശികളാണ് തീർത്ഥാടകർ. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കുറച്ച് പേർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കുറച്ച് പേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്