പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്ര സഭയിൽ ആണ് വിദേശകാര്യ മന്ത്രി പാകിസ്ഥാനെ വിമർശിച്ചത്. ലോകത്തുള്ള എല്ലാ ഭീകരവാദത്തിന്റേയും പ്രഭവ കേന്ദ്രം പാക്കിസ്ഥാനാ ണെന്നും ഇവയൊക്കെ അവസാനിപ്പിച്ച് അയൽക്കാരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു. ഇന്ത്യയിൽ അസ്വസ്ഥതയുണ്ടാക്കാനാണ് പാക്കിസ്ഥാൻ കാലങ്ങളായി ശ്രമിക്കുന്നത്. ഭീകരവാദം ദേശീയ നയമാക്കിയ രാജ്യം പാക്കിസ്ഥാൻ മാത്രമാണെന്നും ജയശങ്കർ വിമർശിച്ചു. പാകിസ്ഥാനിൽ നിന്നാണ് ഭീകര ചിന്തകൾ മറ്റ് രാജ്യങ്ങളിലേക്ക് പടർന്നതെന്നും ജയശങ്കർ പറഞ്ഞു.
യുഎൻ സെക്യൂരിറ്റി കൗൺസിലിൽ മാദ്ധ്യമപ്രവർത്തകയുടെ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെക്കാൾ മികച്ച രീതിയിൽ ഒരു രാജ്യവും ഭീകരവാദത്തെ ഉപയോഗിച്ചിട്ടില്ലെന്ന് റബ്ബാനി അടുത്തിടെ പറഞ്ഞിരുന്നു. ലോകം വിഡ്ഢികളല്ല, ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ വർധിച്ച തോതിൽ അണിചേർക്കുകയും ചെയ്യും. ചർച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് ഒളിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പാകിസ്ഥാൻ എന്തുതന്നെ പറഞ്ഞാലും, ലോകം മുഴുവൻ അവരെ ഭീകരതയുടെ പ്രഭവകേന്ദ്രമായി കാണുന്നു എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.