വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് ഇന്ന് മരിച്ചത്. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ നൗഷാദ് അലിയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോഗ്യനില വഷളായി എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അതേസമയം നൗഷാദ് അലിയുടെ മരണത്തിൽ ചികിത്സാപിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ആരോഗ്യനില വഷളായിട്ടും ഡോക്ടർ എത്താൻ രണ്ട് മണിക്കൂറോളം വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് ആശുപത്രി ജീവനക്കാരും നൗഷാദിന്റെ ബന്ധുക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വാൽപ്പാറയിലുണ്ടായ ദുരന്തത്തിന് കാരണം ഡ്രൈവറുടെ പരിചയ കുറവും അമിത ബ്രേക്ക് ഉപയോഗവുമാണെന്ന് പൊള്ളാച്ചി ആർടിഒ വ്യക്തമാക്കിയിരുന്നു. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ അറിയിച്ചിരുന്നു.

