രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കാശ്മീരിൽ സമാപിക്കും. നാളെ ജമ്മു കാശ്മീറിലെ പിസിസി ഓഫീസിൽ രാഹുൽ പതാക ഉയർത്തിയ ശേഷം തുടർന്ന് നടക്കുന്ന സമാപനസമ്മേളനത്തോടെ ജോഡോ യാത്ര അവസാനിക്കും. സമാപനസമ്മേളനത്തിന് ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികളാണ് പങ്കെടുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പന്താചൗക്കിൽ നിന്ന് ഇന്ന് രാവിലെയോടെ ആരംഭിച്ച പദയാത്ര ഉച്ചയ്ക്ക് ലാൽചൗക്കിൽ രാഹുൽ ഗാന്ധി പതാക ഉയർത്തിയതോടെ അവസാനിച്ചു .
രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം നിരസിച്ചുകൊണ്ട് കൂടുതൽ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. ജെ ഡി യു, ജെ ഡി എസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ പങ്കെടുക്കില്ല എന്ന് അറിയിച്ചു. കേരള ഘടകത്തിന്റെ എതിർപ്പിനെ തുടർന്ന് സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു.