യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ ലഭ്യമാക്കിയിരിക്കണം. ഈ പുതിയ നിബന്ധന ജൂൺ 1, 2026 മുതൽ കർശനമായി പ്രാബല്യത്തിൽ വരും. ഒന്നാം തീയതിക്ക് ശേഷം നൽകുന്ന ശമ്പളങ്ങൾ വൈകിയതായി കണക്കാക്കും. ശമ്പളം വൈകുന്നതിന് അനുസരിച്ച് കമ്പനികൾക്ക് പിഴ ചുമത്തലും പുതിയ വർക്ക് പെർമിറ്റുകൾ റദ്ദാക്കലും ഉൾപ്പെടെയുള്ള കർശന നടപടികൾ മന്ത്രാലയം സ്വീകരിക്കും. മുഴുവൻ ശമ്പളവും വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയോ മന്ത്രാലയം അംഗീകരിച്ച മറ്റു ഡിജിറ്റൽ സംവിധാനങ്ങൾ വഴിയോ മാത്രമേ നൽകാവൂ. കൂടാതെ, നിശ്ചിത സമയത്തിനുള്ളിൽ മൊത്തം ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും ജീവനക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കണം.
