കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അർഹതപ്പെട്ട മുൻഗണനയുള്ളവരെ തഴഞ്ഞാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണിക്കപ്പെടുകയാണോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വി.ഡി. സതീശന് പുറമെ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണിച്ചിരുന്നു. കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന് അനുകൂലമായിരുന്നുവെങ്കിലും, ഘടകകക്ഷികളുടെ കടുത്ത സമ്മർദ്ദവും അണികളുടെ താല്പര്യവും കണക്കിലെടുത്ത് ഹൈക്കമാൻഡ് സതീശനെ ഭരണസാരഥ്യം ഏൽപ്പിക്കുകയായിരുന്നു.
കേരളത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലിക്കൊടുക്കും. ഹൈക്കമാൻഡ് തീരുമാനത്തിൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കിലും പരസ്യമായ പ്രതികരണത്തിന് മുതിർന്ന നേതാക്കൾ തയ്യാറായിട്ടില്ല.
