പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. പ്രമുഖ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഉപഭോക്തൃ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനുമായിരുന്നു ഡിജോ കാപ്പൻ.
കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിങ്ങിൽ നിന്ന് കാർ താഴേക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡിജോ കാപ്പനെ ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലേക്കും മാറ്റുകയായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് അന്ത്യം സംഭവിച്ചത്.
കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് 1988-ൽ അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ വഴി നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവൽക്കരിക്കുന്നതിൽ അദ്ദേഹം മുന്നിലുണ്ടായിരുന്നു. കേരളത്തിലെ സാധാരണക്കാരായ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി സന്ധിയില്ലാത്ത സമരം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതി ഇടപെടലുകൾ സാധ്യമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനം കെഎസ് സി യിലൂടെയാണ് പൊതുരംഗത്തേക്കുളള തുടക്കം. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരുന്നു.1982 ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ എസ് സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തിലും ബാലകൃഷ്ണ പിള്ള വിഭാഗത്തിലും പ്രവർത്തിച്ചു. പിന്നീട് പൊതുപ്രവർത്തനരംഗത്ത് സജീവമായി. 1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്ക്ക് വേണ്ടിയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ഗതാഗതം, വൈദ്യതി മേഖലയിലെ കൺസ്യൂമർ ഫോറങ്ങളുടെ അമരക്കാരനായും ഇദ്ദേഹം അറിയപ്പെടുന്നു.
ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് ഡിജോ കാപ്പൻ. മക്കൾ: അശ്വിൻ ഡി കാപ്പൻ (അയർലൻഡ്), മരിയറ്റ കാപ്പൻ (ഗവേഷക വിദ്യാർഥി, കേരള യൂണിവേഴ്സിറ്റി), എഡ്വിൻ ഡി കാപ്പൻ (യു.കെ).
