പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തത്. അല്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും രാജേഷ് പറഞ്ഞു. ലൈസന്‍സിക്ക് 6000 കിലോ വരെ കൈയ്യില്‍ വയ്ക്കാം എന്നും എല്ലാം ചെയ്തത് നിയമപരമായെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.
പാറമേക്കാവ് പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മാണശാലയുടെ ലൈസന്‍സിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്.
ലൈസന്‍സില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിക്കുന്നതായി ചിറ്റൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. ചിറ്റൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവില്‍ പടക്കനിര്‍മാണശാല പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. തുടര്‍പരിശോധനകള്‍ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു.50 കിലോയുടെ വെടിമരുന്ന് സൂക്ഷിക്കാന്‍ അനുമതിയുള്ള പടക്ക നിര്‍മാണ ലൈസന്‍സി ബിനോയ് 500 കിലോയില്‍ അധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

