വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി. ഇതോടെ വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് വോട്ടെടുപ്പിലൂടെയാണ് അനുമതി നേടിയത്. ശക്തമായ വാക്പോരാണ ഭരണ പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നടത്തിയത്. അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു.
ബിൽ സഭയിൽ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് ബില്ലുകളും സഭയുടെ മേശപ്പുറത്ത് വച്ചു. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ബിൽ ചര്‍ച്ചക്ക് എടുക്കരുതെന്ന നിലപാടാണ് പല എംപിമാരും സ്വീകരിച്ചത്. അതിന് ശേഷമാണ് വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമെന്നാണ് ബില്ലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് കെസി വേണുഗോപാൽ വിമര്‍ശിച്ചു. ബിൽ പിൻവലിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയത്തിനു വേണ്ടിയാണു വനിതാ സംവരണം കൊണ്ടുവരുന്നതെന്നും ആ രീതിയെയാണ് എതിർക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ബിൽ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
എന്നാൽ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലാകാമെന്നാണ് അമിത് ഷാ പ്രതികരിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്നത് ഭരണഘടനാപരമല്ലെന്ന് അമിത് ഷാ. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾക്കു മുൻപ് ജാതി സെൻസസ് പൂർത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അതിനുള്ള തീരുമാനം നേരത്തേ എടുത്തു കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

