നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി ഒരു വിഭാഗം വാദിക്കുമ്പോൾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മറുപക്ഷത്തിന്റെ വാദം. എന്നാൽ ഇന്നലെ കെ സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റ് കൂടി പുറത്തുവന്നതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച മുറുകുകയാണ്.
നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ടത് കെ സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നും കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ സജീവമമാകണമെന്നും കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കെ.സി. വേണുഗോപാലിന് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സുധാകരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെയാണ് കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് എന്നതും ശ്രദ്ധേയം. കെസി വേണുഗോപാലിനെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കെ സുധാകരന് എതിരെ രൂക്ഷമായ സൈബർ ആക്രമണം. പിന്നാലെ കെ സുധാകരൻ കമന്റ് ബോക്സ് പൂട്ടി. കെസി വേണുഗോപാലിനെ രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, സന്ദീപ് വാര്യർ ഉൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തി.
അതേസമയം കേരളത്തിൽ മുഖ്യമന്ത്രി ആരാകും എന്ന തരത്തിലുള്ള ചർച്ചകളിൽ താൽപര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഈ രാജ്യത്തെ ബാധിക്കുന്ന, ജനാധിപത്യത്തെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ ഡീലിമിറ്റേഷൻ ബിൽ പ്രശ്നം നിലനിൽക്കുമ്പോൾ ഇത്തരം ചർച്ച ഉചിതമല്ല. നാലാംതീയതി ഫലം വന്ന ശേഷം കോൺഗ്രസ് പാർട്ടി സംവിധാനം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സിയെ പുകഴ്ത്തി കെ സുധാകരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനെകുറിച്ചും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെ കുറിച്ചും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

