കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയാണ്.
ഹരികൃഷ്ണനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തടി കൊണ്ട് തലയ്ക്ക് അടിക്കുന്നതുള്‍പ്പെടെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിപാടിക്കിടെ മദ്യപസംഘം ഹരികൃഷ്ണനുമായി പ്രശ്‌നമുണ്ടാകുകയും സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മരുത്തടി സ്വദേശികളായ സുനിൽകുമാർ, രതീഷ് എന്നിവരെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് നാലു പ്രതികൾ ഒളിവിലാണ്. നിലവിൽ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പത്തംഗ പ്രത്യേക സംഘം രൂപീകരിച്ച് ഒളിവിലുള്ള പ്രതികൾക്കായി ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ നാട്ടുകാരിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഘോഷയാത്രയ്ക്കിടെ പ്രതികൾ ഹരികൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മാറിയെങ്കിലും പിന്നീട് ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി പ്രതികൾ ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും തടിക്കഷണങ്ങൾ കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് ബോധരഹിതനായി വീണ ഹരികൃഷ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

