ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ നേട്ടം ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനൽ 3 കോടി വരിക്കാർ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി.
മറ്റു ലോകനേതാക്കളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വരിക്കാരാണ് മോദിക്കുള്ളത്. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മോദിയുടെ നാലിലൊന്ന് മാത്രമാണ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ മൂന്ന് മടങ്ങ് സബ്സ്ക്രൈബേഴ്സ് മോദിക്കുണ്ട്. കൂടാതെ ആം ആദ്മി പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയുടെ ഔദ്യോഗിക ചാനലുകളേക്കാൾ നാലിരട്ടിയിലേറെയാണ് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം.

