പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ നടത്താത്ത പരിപാടിയുടെ പേരില്‍ എട്ട് ലക്ഷം രൂപയുടെ ബില്‍. സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന അയ്യപ്പ സംഗമം പരിപാടിയിലേക്ക് നന്ദഗോവിന്ദം ട്രൂപ്പിനെ ക്ഷണിക്കുകയോ അവര്‍ എത്തുകയോ ചെയ്തിരുന്നില്ല. പകരം, ബില്‍ സംഘടിപ്പിച്ച് അത്രയും തുകയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയരുന്നത്. ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് കണക്കിലാണ് ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട് ഉത്തരവിട്ടിട്ടുമുണ്ട്. നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്‍ നല്‍കിയത് അടക്കം ദേവസ്വം ബോര്‍ഡ് ബെഞ്ചിന് മുന്‍പാകെ വിശദീകരിക്കേണ്ടി വരും. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി, വ്യാപക ക്രമക്കേട് നടന്നതായി കഴിഞ്ഞ ദിവസം വിലയിരുത്തിയത്.
അതേസമയം അയ്യപ്പ സംഗമത്തിലെ സെഷനുകള്‍ക്ക് ശേഷം വിജയ് യേശുദാസ്,സുദീപ് കുമാര്‍, വീരമണി രാജു എന്നിവരുടെ അയ്യപ്പ ഭക്തിഗാനമേള നടന്നിരുന്നു. ഇതിന്റെ ചിലവ് കണക്കുകളില്ലതാനും. ഇവര്‍ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചതെന്നാണ് വിവരം. സംഗമ ദിവസം രാവിലെ എട്ടരയ്ക്ക് ഭക്തിഗാന സദസ് സംഘടിപ്പിച്ചിരുന്നു. അത് നയിച്ചത് ഗായകന്‍ ഇഷാന്‍ ദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അതേസമയം എസ്റ്റിമേറ്റിലും പല മടങ്ങ് ഉയര്‍ന്ന തുകയാണ് ബില്‍ ആയി അവതരിപ്പിച്ചത് എന്നതും വ്യക്തമാണ്.
രണ്ട് ലക്ഷം രൂപയായിരുന്നു പരിപാടിയുടെ എസ്റ്റിമേറ്റ്. എന്നാല്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പരിപാടി നടത്തി 8 ലക്ഷം രൂപ കൊടുത്തു എന്നാണ് ബില്‍. അതേസമയം ഇഷാന്‍ ദേവും സംഘവും അവതരിപ്പിച്ച പരിപാടിക്ക് എത്ര പ്രതിഫലം നല്‍കി എന്നത് ഓഡിറ്റിനായുള്ള കണക്കുകളില്‍ വ്യക്തമാക്കിയിട്ടുമില്ല.
ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, വി. ജയകുമാര്‍ എന്നിവരാണ് ബോര്‍ഡിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. അയ്യപ്പ സംഗമം നടക്കുമ്പോള്‍ പിഎസ് പ്രശാന്തിന്റെ അദ്ധ്യക്ഷതയിലുള്ള ബോര്‍ഡ് ആയിരുന്നു ദേവസ്വം ഭരണത്തില്‍ ഉണ്ടായിരുന്നത്.

