ദുബായ്: ദുബായ് മറീനയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ട്രാം സർവ്വീസ് ഭാഗികമായി നിർത്തിവെച്ചു. ദുബായ് മറീന സ്റ്റേഷനും (നമ്പർ 5) പാം ജുമൈറ സ്റ്റേഷനും (നമ്പർ 9) ഇടയിലുള്ള ദുബായ് ട്രാം സർവീസ് താൽക്കാലികമായി നിർത്തിവച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടുത്തത്തിനു ശേഷമുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമുള്ള മുൻകരുതൽ എന്ന നിലയിലാണ് നടപടി. യാത്രക്കാർക്കായി ഈ സ്റ്റേഷനുകൾക്കിടയിൽ ഇതര ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലെ ട്രാം സർവ്വീസുകൾക്ക് തടസം ബാധകമാകില്ല. ഇവയുടെ പ്രവർത്തനങ്ങളെല്ലാം സാധാരണ ഗതിയിലാണ്.
ഇന്നലെ രാത്രി വൈകിയാണ് 67 നിലകളുള്ള മറീന പിനാക്കിൾ – ടൈഗർ ടവറിൽ കഴിഞ്ഞ ദിവസം രാത്രി തീപിടുത്തം ഉണ്ടായത്. തീപിടിത്തമുണ്ടായതെന്നും ഇപ്പോൾ നിയന്ത്രണ വിധേയമായെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. 764 അപ്പാർട്ട്‌മെന്റുകളിലെ 3,820 താമസക്കാരെയും ഒഴിപ്പിച്ചു. ആറ് മണിക്കൂർ നേരമാണ് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാ പ്രവർത്തനം നടത്തിയത്. അധികൃതർ ഇപ്പോൾ കെട്ടിടത്തിന്റെ ഡെവലപറുമായി ചേർന്ന് താമസക്കാർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ പ്രവർത്തിക്കുകയാണ്.