ദില്ലിയില്‍ ഇന്ന് പുലര്‍ച്ചെ കുഴല്‍ കിണറില്‍ വീണ യുവാവ് മരിച്ചു. ദില്ലിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ദില്ലി ജല്‍ ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറിലാണ് യുവാവ് വീണത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചു. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് യുവാവിനെ പുറത്തെടുത്തത്. വൈകിട്ട് മൂന്നോടെ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വീണത് ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും ദില്ലി മന്ത്രി അതിഷി മര്‍ലെന വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ദില്ലിയിൽ തുറന്നു കിടക്കുന്ന കുഴൽ കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല്‍ ചെയ്യാൻ അടിയന്തിര നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പ്പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.