പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിക്കും. ഫെബ്രുവരി 9 വരെ സമ്മേളനങ്ങൾ തുടരുമെന്നാണ് അറിയുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ജനുവരി 31ന് പാർലമെൻ്റിൻ്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റ് സമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ ഇടക്കാല ബജറ്റിൽ സ്ത്രീകൾക്കും കർഷകർക്കുമായി വലിയ പ്രഖ്യാപനങ്ങൾ മോദി സർക്കാർ കരുതി വച്ചിട്ടുണ്ടെന്നാണ് സൂചനകൾ. കർഷകർക്ക് നൽകുന്ന കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശവും സർക്കാർ കൊണ്ടുവന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.