ഭോപ്പാൽ : ഡ്രൈവിംഗ് അറിയാത്ത ആളെ വാഹനമേൽപ്പിച്ച ശേഷം ഡ്രൈവർ ഇറങ്ങി പോയതിന് പിന്നാലെ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് രണ്ടുപേർ മരണമടഞ്ഞു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരണമടഞ്ഞു. മൂന്നുപേരുടെ നില ഗുരുതരം. എട്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിയുടെ ആയിരുന്നു അപകടം സംഭവിച്ചത്. ശ്യാംപൂരിൽ നിന്നും ഖട്ടോര ഗ്രാമത്തിലേക്ക് വരികയായിരുന്ന വിവാഹ സംഘത്തിനൊപ്പം വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ആഘോഷങ്ങളോടനുബന്ധിച്ച് കുറച്ചുപേർ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഇവർക്കൊപ്പം നൃത്തം ചെയ്യാനാണ് ഡ്രൈവർ മറ്റൊരാളെ വാഹനം ഏൽപ്പിച്ച് ഇറങ്ങി മാറിയത്. ഉടൻതന്നെ വാഹനത്തിന്റെ നിയന്ത്രണംവിട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ഇന്ദാർ പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.