ആഗോള സന്ദർശകർ എത്തുന്ന ഗ്ലോബൽ വില്ലേജിൽ വിതരണം ചെയ്യുന്ന ഭക്ഷണം ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൊബൈൽ ടെസ്റ്റിങ് ലാബ് പരിശോധന സജ്ജീവമായി തുടരുന്നു. ആധുനിക സംവിധാനങ്ങളോടെയാണ് ലാബ് പ്രവർത്തിക്കുന്നത്. ഗ്ലോബൽ വില്ലേജിലെ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും ലാബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഭക്ഷണ സാമ്പിൾ ശേഖരിച്ച് തത്സമയം പരിശോധിക്കുന്നതിന് നൂതന സംവിധാനം ലാബിൽ ഒരുക്കിയിട്ടുണ്ടെന്നും ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
ദുബൈ എക്സ്പോ, ദുബൈ വേൾഡ് കപ്പ്, എയർഷോ, ഫുഡ് ഫെസ്റ്റിവൽ, നാദൽ ഷെബ സ്പോർട്സ് ടൂർണമെന്റ് എന്നിവ ഉൾപ്പെടെ ദുബായ് എമിറേറ്റിലെ എല്ലാ പരിപാടികളിലെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ ലാബ് പരിശോധന നേരത്തെ തന്നെ നടത്തി തുടങ്ങിയിരുന്നു. എമിറേറ്റ്സ് ഇന്റർനാഷനൽ അക്രഡിറ്റേഷൻ സെന്ററിൽനിന്ന് അക്രഡിറ്റേഷൻ ലഭിച്ച ആദ്യ ലബോറട്ടറികൂടിയായ ഫുഡ് ടെസ്റ്റിങ് ലാബ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഭക്ഷ്യസുരക്ഷ പരിശോധനകൾ നടത്തുന്നതും ഭക്ഷ്യ ഉത്പന്നങ്ങളുടെ മൈക്രോബയോളജിക്കൽ പരിശോധന നടത്തുന്നതുമെന്നും അധികൃതർ പറഞ്ഞു.