ഗുജറാത്ത് കലാപം വിഷയമാകുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിൽ പലയിടങ്ങളിലും പ്രതിഷേധങ്ങളും വിവാദങ്ങളും നടക്കുന്നതിനിടയിൽ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വ നിയമവും ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്. 2019ൽ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളെകുറിച്ചാണ് ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നത്. എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.