കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തില്‍ തന്റേതെന്ന പേരിൽ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വ്യക്തമാക്കി. ഫാസിസ്റ്റ് ശക്തികളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമം ഏറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം എനിക്കില്ല. ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്കാണെന്ന സംഘടനാബോധം എനിക്കുണ്ട്. എന്നാല്‍ അതിന് കടകവിരുദ്ധമായി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതില്‍ നിന്ന് തന്നെ സാമാന്യം ബോധമുള്ള എല്ലാവര്‍ക്കും ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ബോധ്യമാകും എന്നും സുധാകരൻ കൂട്ടിച്ചേർത്തു .