സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. 16 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡുകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എട്ടു വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന് കനത്ത നഷ്ടം എറണാകുളം കീരംപാറ പഞ്ചായത്തിലാണ്. ഈ വാർഡ് യുഡിഎഫ് പിടിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൽ വാർഡ് യുഡിഎഫിൽ നിന്നും എറണാകുളം പറവൂർ നഗരസഭ വാണിയക്കാട് ഡിവിഷൻ ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് ബിജെപി സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് 11 ഇടത്തും ബിജെപി രണ്ടിടത്തും ജയിച്ചു. രണ്ടു സീറ്റുകൾ നഷ്ടമായത് ബിജെപിക്കും തിരിച്ചടിയായി.