സഞ്ചാരികൾ ധാരാളമായി എത്തുന്ന മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും താപനില മൈനസിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം. മൂന്നാറിനു സമീപം കന്നിമലയിൽ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസാണു രേഖപ്പെടുത്തിയത്. താപനില മൈനസ് മൂന്ന് രേഖപ്പെടുത്തിയ കന്നിമലയിൽ ഏക്കറുകണക്കിനു സ്ഥലത്താണ് ഇന്നലെ രാവിലെ മഞ്ഞു വീണുകിടന്നിരുന്നത്. മിക്ക എസ്റ്റേറ്റുകളിലും താപനില മൈനസിൽ എത്തിയതോടെ കനത്ത മഞ്ഞുവീഴ്ചയാണ് ഇന്നലെ രാവിലെ ഉണ്ടായത്. പെരിയവര, ലക്ഷ്മി, ദേവികുളം ഫാക്ടറി, ഓഡികെ, സിമന്റ് പാലം, ലാക്കാട് ഗ്രൗണ്ട് എന്നിവിടങ്ങളിൽ മൈനസ് രണ്ടും ചെണ്ടുവര, കുണ്ടള, ചിറ്റുവാര എന്നിവിടങ്ങളിൽ മൈനസ് ഒരു ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലത്തെ താപനില. മൂന്നാർ ടൗൺ, നല്ല തണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസായിരുന്നു.
തോട്ടം മേഖലയിൽ മഞ്ഞുവീഴ്ച തുടരുന്നത് തേയിലവ്യവസായത്തെ സാരമായി ബാധിക്കും. മഞ്ഞുവീഴ്ചയെ തുടർന്ന് തോട്ടം മേഖലയിലെ ഏക്കറുകണക്കിനു സ്ഥലത്തെ തേയില ചെടികളും പുൽമേടുകളും കരിഞ്ഞുണങ്ങി. വരും ദിവസങ്ങളിലും മൂന്നാർ മേഖലയിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. രാത്രിയും അതിരാവിലെയും കഠിനമായ തണുപ്പ് തുടരുമ്പോഴും പകൽ ചൂട് 20-25 ഡിഗ്രി സെൽഷ്യസാണ്