“ടീം യുഡിഎഫിന്റെ വിജയം”എന്ന് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. യുഡിഎഫ് ഒരു പാർട്ടി പോലെ പ്രവർത്തിച്ചുവെന്നും ടീം യുഡിഎഫിന്റെ വിജയം ആണിതെന്നും ഇനി പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയപ്രവർത്തനത്തിന്റെയും നിർവചനംമാറ്റി എഴുതുമെന്നും പ്രഖ്യാപനത്തിനു ശേഷം നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പ്രധാനപ്പെട്ട നേതാക്കൾക്കും അദ്ദേഹം തന്റെ പത്രസമ്മേളനത്തിൽ നന്ദി പറഞ്ഞു. എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശൻ നന്ദി പറഞ്ഞു. ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരനായ നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങൾ ഞങ്ങളെ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചത്. ജനങ്ങളോട് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ചെയ്തത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കേരളത്തെ മാറ്റിയെടുക്കാൻ പുതിയ ഒരു കേരളത്തെ സൃഷ്ടിക്കാൻ ഒരു പുതുയുഗത്തിന് തുടക്കമിടാൻ ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യും. കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചത് കെസി വേണുഗോപാലാണ്. എന്റെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. കേരളം കടന്ന് പോകുന്നത് സങ്കീർണ്ണ സാഹചര്യത്തിലൂടെയാണ്. എനിക്ക് ഒരാൾക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാകില്ല. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
