പാരീസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ആദ്യ ഏറില്‍ തന്നെ യോഗ്യതാ മാര്‍ക്ക് മറികടന്ന് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര രാജകീയമായി ഫൈനലിൽ കടന്നു. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.34 ദൂരം പിന്നിട്ടു. 84 മീറ്ററാണ് ഫൈനലിലെത്താന്‍ വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്. നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്. ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്.
ഏറ്റവും മികച്ച ത്രോ കുറിക്കുന്ന 12 പേര് ഫൈനലിലെത്തുക. കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടാന്‍ പിന്നിട്ട 88.36 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. അവസാനം മത്സരിച്ച പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം നേടി. 85.97 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. പരിക്കിനെ തുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക് മീറ്റില്‍ നിന്ന് താരം പിന്മാറിയിരുന്നു.
ജാവലിൻ ത്രോയിൽ മത്സരിച്ച മറ്റൊരു താരം കിഷോർകുമാർ ജനയ്ക്ക് നേരിട്ട് ഫൈനലിനു യോഗ്യതയില്ല. ഒന്നാം ഗ്രൂപ്പിൽ മത്സരിച്ച ജന ആദ്യ ശ്രമത്തിൽ പിന്നിട്ട 80.73 മീറ്ററാണ് ജനയുടെ മികച്ച ദൂരം.