ദില്ലി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. 75, 000 പേർക്കുള്ള നിയമന ഉത്തരവ് രാവിലെ 11 മണിക്ക് നടക്കുന്ന തൊഴിൽമേളയിൽ പ്രധാനമന്ത്രി കൈമാറും. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെയാണ് ചടങ്ങിൽ പങ്കെടുക്കുക. 36 മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ ആണ് തൊഴിലവസരം നൽകുന്നത്. ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിനു കീഴിൽ ജോലി നൽകുമെന്ന് ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.