കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, കൂട്ട ബലാത്സംഗം, മയക്കുമരുന്ന് നൽകി ഉപദ്രവിക്കൽ, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, അന്യായമായി തടവിൽവയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്. 1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. സംതൃപ്തിയുള്ള വിധിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
2018 മാർച്ചിലാണ് ലാത്വിയൻ സ്വദേശിയായ യുവതി ലിഗയെ തിരുവനന്തപുരം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവർ ക്രൂരമായി ബലാത്സം ചെയ്ത് കൊലപ്പെടുത്തിയത്. കേരളത്തിൽ ആയുർവേദ ചികിത്സയ്‌ക്കെത്തിയ യുവതിയെ കോവളത്തു വെച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് രാജ്യത്തിനും പുറത്തും ശ്രദ്ധ നേടിയിരുന്നു. പോത്തൻകോട്ടെ ആയുർവേദ കോളജിൽ നിന്നും 2018 മാർച്ച് 14 നു കാണാതായ യുവതിയെ 36 ദിവസങ്ങൾക്കു ശേഷം പനത്തുറയിലെ കണ്ടൽക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലാത്വിയൻ എംബസി വരെ അന്വേഷണം ഊര്ജിതമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പ്രത്യേക സംഘം പരമാവധി സാഹചര്യ തെളിവുകൾ ശേഖരിച്ചതാണ് പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ നിർണായകമായത്.