കൊല്ലം അഞ്ചലിൽ നടുറോഡിൽ യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ക്രൂരമായ ആക്രമണം. ഏരൂർ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വിഷ്ണുവെന്ന യുവാവിനെയാണ് മർദ്ദിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. കല്ലുകൊണ്ട് വിഷ്ണുവിന്റെ തലക്കും ശരീരത്തിലും അടിച്ചു പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അഞ്ചൽ പനച്ചിവിളയിലാണ് രാത്രി ആളുകൾ നോക്കിനിൽക്കെ ക്രൂരമായ അക്രമം അരങ്ങേറിയത്. ഇവർ തമ്മിൽ പണത്തെ ചൊല്ലി റോഡിൽ വെച്ച് തർക്കമുണ്ടായി. പിന്നാലെ വിഷ്ണു ബൈക്കിൽ കയറി ഇവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോഴാണ് സൈജുവും സംഘവും ചേർന്ന് മർദ്ദിച്ചത്. വിഷ്ണുവിനെ ആക്രമിച്ച ശേഷം ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സൈജുവിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സൈജു പണം സ്ഥിരമായി പലിശയ്ക്ക് കൊടുക്കുന്നയാളാണ്. വിഷ്ണു സൈജുവിന്റെ പക്കൽ നിന്നും പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തേ തന്നെ തർക്കമുണ്ടായിരുന്നു.