ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. 100 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 20 ആം ഓവറിൽ ഏഴ് വിക്കറ്റിന്റെ അനായാസ ജയം നേടി. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
57 പന്തിൽ 49 റൺസ് നേടിയ ഓപണർ ശുഭ്മാൻ ഗിൽ ആണ് ടോപ് സ്കോറർ. വിജയത്തിന് മൂന്ന് റൺസ് അകലെ താരത്തെ എൻഗിഡി വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. എട്ട് റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാൻ റൺഔട്ടായി മടങ്ങിയപ്പോൾ 18 പന്തിൽ 10 റൺസ് നേടിയ ഇഷാൻ കിഷനെ ഫോർട്ടുയിനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് പിടിച്ചുപുറത്താക്കി. കഴിഞ്ഞ കളിയിലെ ഹീറോ ശ്രേയസ് അയ്യർ 28 റൺസുമായും സഞ്ജു സാംസൺ രണ്ടു റൺസുമായും പുറത്താകാതെ നിന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് പുറത്താവുകയായിരുന്നു. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും മുഹമ്മദ് സിറാജും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 34 റണ്‍സെടുത്ത ഹെൻ റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.