ബുധനാഴ്ച രാത്രി ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെയാണ് കാട്ടാന കബാലിയുടെ ആക്രമണമുണ്ടായത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു സംഭവം. പാഞ്ഞടുത്ത കബാലി കൊമ്പിൽ കുത്തി ബസുയർത്തി താഴെ വച്ചു. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു മണിക്കൂറിലേറെയാണ് കബാലി യാത്രക്കാരെ മുൾമുനയിൽ നിർത്തിയത്. രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചത്. വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷനെന്ന ഡ്രൈവറാണ് അമ്പലപ്പാറ മുതല്‍ ആനക്കയം വരെയുള്ള ഭാഗത്ത് ബസ് സാഹസികമായി പിന്നോട്ടോടിച്ച് യാത്രക്കാരെ രക്ഷിച്ചത്. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.