സ്ത്രീകൾ ആയാലും പുരുഷന്മാരായാലും ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരു കാര്യമാണ് ചർമസംരക്ഷണം. ചില കാര്യങ്ങൾ കുറച്ചൊന്നു ശ്രദ്ധിച്ചാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സാധിക്കും.
ആരോഗ്യകരമായ ഭക്ഷണം തന്നെയാണ് ആരോഗ്യകരമായ ചർമ്മത്തിന് അത്യാവശ്യം വേണ്ടത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നുള്ളത്. വെള്ളം ഉള്ളിൽ ചെല്ലുന്നതോടെ ശരീരത്തിൽ നിന്നും വിഷ വസ്തുക്കൾ പുറന്തള്ളപ്പെടുകയും ചർമ്മത്തിന് സ്വാഭാവികമായ തിളക്കം കൈവരുകയും ചെയ്യും. ചർമ്മ സുഷിരങ്ങളെ തുറക്കുകയും ചർമ്മത്തെ ആരോഗ്യമുള്ളതായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിൽ വെള്ളത്തിന്റെ പങ്ക് ഒട്ടും ചെറുതല്ല. ഒരു ദിവസം കുറഞ്ഞത് 8,10 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കാൻ ശ്രമിക്കുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും നമുക്ക് ചർമ്മത്തെ ആരോഗ്യകരമായി കാത്തുസൂക്ഷിക്കാൻ കഴിയും. ഭക്ഷണങ്ങളിൽ ധാരാളമായി പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
ശരീരഭാഗങ്ങളെ എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുക. ഇത് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിൽ പൊടിയോ അഴുക്കോ കൂടുതലായി പറ്റിയിരുന്നാൽ ചർമസുഷിരങ്ങൾ അടഞ്ഞു പോകാൻ കാരണമാകും. ഇതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് ചർമ്മത്തെ വൃത്തിയാക്കുക ഇതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്ക് ഇല്ലാതാവുകയും ചർമസുക്ഷരങ്ങൾ തുറക്കുകയും അതുവഴി ചർമ്മത്തിനു സ്വാഭാവികമായ തിളക്കം നിലനിർത്തുവാനും സാധിക്കും.
നല്ലതുപോലെ ഉറങ്ങുക. ശരീരത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലൊരു ഉപാധിയാണത്. സമ്മർദ്ദം ഒരുവിധം മാറിപ്പോയാൽ തന്നെ ആരോഗ്യകരമായ ചർമം സ്വന്തമാക്കാം. 7 / 8 മണിക്കൂർ തുടർച്ചയായ ഉറക്കം ശരീരത്തിന്റെ നഷ്ടപ്പെട്ടുപോയ ഊർജ്ജവും ഉന്മേഷവും തിരികെ കൊണ്ടുവരാനും സമ്മർദ്ദങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.