ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബൈ – ദോഹ എയർപോർട്ടുകൾക്കിടയിൽ ദിവസേന 6,800 ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്ന് ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സാധാരണ ഫ്ലൈറ്റ് സർവീസുകൾക്ക് പുറമേ സ്പെഷ്യൽ,മാച് ഡേ ഷട്ടിൽ സർവീസുകൾ അടക്കം ദുബൈയിൽ നിന്ന് ദിവസവും നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്ക് പറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഡിപ്പാർട്ട്മെന്റുകളുമായി കൈകോർത്തു ഫുട്ബോൾ പ്രേമികൾക്ക് മികച്ച സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഫുട്ബാൾ കാണികൾക്ക് മൾട്ടിപ്ൾ എൻട്രി വിസ സംവിധാനം ദുബൈയിൽ നിലവിലുണ്ട്. ജോർഡൻ സ്വദേശി മുഹമ്മദ് ജലാലിന്റെ പേരിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ വിസ അനുവദിച്ചത്. ദുബൈ വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാൻ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അതിവേഗം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ തന്നെ എയർപോർട്ടിൽ നിയോഗിച്ചിട്ടുണ്ടെന്ന് അൽ മർറി വ്യക്തമാക്കി. 90 ദിവസത്തേക്കാണ് മൾട്ടിപ്ൾ എൻട്രി വിസ അനുവദിക്കുന്നത്. ഫുട്ബാൾ പ്രേമികൾക്കും ദുബൈയിലെ പുതുവത്സരാഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷകമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് നൽകുന്നതിന് ഒരുക്കം പൂർത്തിയാതായി ലഫ്. ജനറൽ അറിയിച്ചു