ഒരാഴ്ചക്കിടെ സൗദി അറേബ്യയുടെ പലയിടങ്ങളിലായി വിവിധ നിയമലംഘനങ്ങളിൽ 17,896 പേർ അറസ്റ്റിലായി. ജനുവരി 25 മുതൽ ജനുവരി 31 വരെയുള്ള കാലയളവിലാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്.
വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും അനധികൃത തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.
10,874 പേരെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും 2,899 പേരെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും 4,123 പേരെ അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്കുമാണ് അറസ്റ്റ് ചെയ്തത്. നിയമലംഘകരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധന നടത്തിവരികയാണ്. റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ വ്യാപകമായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്.