ദുബായിലെ പ്രധാനപ്പെട്ട വിനോദ വ്യാപാര വാണിജ്യ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം ഈ മാസം 31 വരെ നീട്ടി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയ ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസം 20 മുതലാണ് വിനോദകേന്ദ്രം വീണ്ടും സന്ദർശകരെ സ്വാഗതം ചെയ്തു തുടങ്ങിയത്. മെയ് 10 നു അവസാനിക്കുമെന്ന ആദ്യ തീരുമാനമാണ് സന്ദർശകരുടെ തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ പ്രവർത്തനം നീട്ടിയത്. ബലിപെരുന്നാൾ അവധിദിനങ്ങൾ ഗ്ലോബൽ വില്ലേജിൽ ആഘോഷമാക്കാനുള്ള അവസരം കൂടി സന്ദർശകർക്ക് ഇതിലൊടെ ലഭിക്കും.
ഷോപ്പിങ്, വിനോദം, സംസ്കാരം, എന്നിവ സമന്വയിക്കുന്ന ഒട്ടേറെ ആകർഷണങ്ങളാണ് ആഗോളഗ്രാമത്തിലുള്ളത്. 90ലേറെ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകലാണ് ഇക്കുറി സജ്ജീകരിച്ചിരിക്കുന്നത്. മറ്റു വിനോദ സാംസ്കാരിക പരിപാടികൾ വേറെയും. ആഗോള രുചി പകരുന്ന 250ലേറെ റസ്റ്ററന്റുകളിലൂടെ വ്യത്യസ്ത രാജ്യക്കാരുടെ ഭക്ഷണവും ആസ്വദിക്കാം. കൂടുതൽ ഓഫറുകളും ആഗോളഗ്രാമം നൽകുന്നുണ്ട്. നിലവിൽ വിനോദകേന്ദ്രത്തിലെ എല്ലാ റൈഡുകളും 99 ദിർഹത്തിന് ആസ്വദിക്കാം. കൂടാതെ ഫാമിലി ഓഫർ ടിക്കറ്റുകളിലൂടെ ഒരു കുടുംബത്തിലെ നാലുപേർക്ക് വെറും 30 ദിർഹത്തിന് പ്രവേശന ടിക്കറ്റുകളും ലഭ്യമാണ്.
ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ അർധരാത്രിവരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയുമാണ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന സമയം.
