യുഎസ് മുൻപോട്ട് വെച്ച നിബന്ധനകളിൽ ഇറാൻ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്. സമയം അതിവേഗം കടന്ന് പോവുകയാണെന്ന് ഇറാന് മുന്നറിയിപ്പ് നൽകി തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് കുറിച്ചു.
ഈ മേഖലയിലെ സൈനിക നടപടികൾ നിർത്തലാക്കണമെന്നും ഉപരോധങ്ങൾ പിൻവലിക്കണമെന്നും മരവിപ്പിച്ച ആസ്തികൾ വിട്ടയക്കണമെന്നുമാണ് ടെഹ്‌റാൻ ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുദ്ധ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹോർമുസ് കടലിടുക്കിന്മേലുള്ള തങ്ങളുടെ നിയന്ത്രണം അംഗീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
“ഇറാനെ സംബന്ധിച്ചിടത്തോളം സമയം അതിവേഗം പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അവർ എത്രയും വേഗം, വളരെ വേഗത്തിൽ തന്നെ ചർച്ചകൾക്ക് തയ്യാറാകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അവരുടേതായി ഒന്നും ബാക്കിയുണ്ടാകില്ല. സമയം വളരെ വിലപ്പെട്ടതാണ്!” ട്രംപ് കുറിച്ചു. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ വിവരിച്ചുകൊണ്ട് ഇറാനിയൻ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ ഈ പരാമർശം ഉണ്ടായത്. മരവിപ്പിച്ച ഇറാനിയൻ ആസ്തികളിൽ ഭൂരിഭാഗവും ബ്ലോക്ക് ചെയ്ത് തന്നെ നിർത്തണമെന്നും ചർച്ചകൾ പൂർത്തിയായതിന് ശേഷം മാത്രമേ സംഘർഷം അവസാനിക്കാവൂ എന്നുമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകളിലേക്ക് മടങ്ങിവരുന്നതിനായി ഇറാനും നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
