ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാന ഇന്ധനങ്ങളുടെ വില പരിഷ്കരിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി. മേയ് 1 മുതൽ 993 രൂപയുടെ വൻ വർധനവാണ് വരുത്തിയത്. ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 3,071.50 രൂപയാണ് വില. ഈ നീക്കം ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കാറ്ററിങ് സർവീസുകൾ തുടങ്ങിയ ബിസിനസ് മേഖലകളെ കാര്യമായി ബാധിക്കും. എന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിലുള്ള വില തുടരും.
വാണിജ്യ എൽപിജി, ബൾക്ക് ഡീസൽ, അന്താരാഷ്ട്ര വിമാന ഇന്ധനം തുടങ്ങിയ വിപണിയിലെ ചെറിയൊരു വിഭാഗത്തെ മാത്രമാണ് നിലവിലെ വിലവർധന ബാധിക്കുന്നത്. ആഗോള വിപണിയിലെ പ്രവണതകൾ സന്തുലിതമാക്കുന്നതിനൊപ്പം ആഭ്യന്തര ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ഐഒസി വ്യക്തമാക്കി.
