മലപ്പുറം മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിൽ തീപിടുത്തം. യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. സമീപത്തെ ഇലക്ട്രിക് ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തെങ്ങോല കത്തുകയും, അവിടെനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ ഉടൻ മലപ്പുറത്തുനിന്നുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ ഉപയോഗിച്ച് തീ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

