ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലായിരുന്നു ട്രംപിന്റെ വിമർശനം. കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ആക്രമണം.
തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്ന് ട്രംപ് ആരോപിച്ചു. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചു. മാർപ്പാപ്പയുടെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനിലെ യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തെ പോപ്പ് ലിയോ അപലപിച്ചതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് വിമർശനത്തിന് പിന്നിൽ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ, യുദ്ധത്തിന് പിന്നിലെ സർവ്വശക്തിയെന്ന മിഥ്യാധാരണയെ പോപ്പ് വിമർശിക്കുകയും സമാധാനത്തിനായി നേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സ്വയം ആരാധിക്കുന്നതും പണത്തോടുള്ള ആർത്തിയും അധികാര പ്രകടനവും യുദ്ധവും അവസാനിപ്പിക്കണമെന്ന് പോപ്പ് ആഹ്വാനം ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ഇറാന്റെ ആണവ അഭിലാഷങ്ങളെ പോപ്പ് പിന്തുണയ്ക്കുന്നുവെന്നും വെനിസ്വേലയിലെ അമേരിക്കൻ ഇടപെടലിനെ എതിർക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്നതോ, അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിനെ എതിർക്കുന്നതോ ആയ ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനിസ്വേല വൻതോതിൽ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തുന്നുവെന്നും അവിടുത്തെ ജയിലുകൾ ശൂന്യമാക്കി കൊലപാതകികളെയും മയക്കുമരുന്ന് കച്ചവടക്കാരെയും അമേരിക്കയിലേക്ക് അയക്കുന്നുവെന്നും ട്രംപ് തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തി.
കോവിഡ് കാലത്ത് പള്ളികളിൽ ശുശ്രൂഷകൾ നടത്തിയതിന് പുരോഹിതരെയും മറ്റും അറസ്റ്റ് ചെയ്ത സംഭവങ്ങളുണ്ടായപ്പോൾ പ്രതികരിക്കാതിരുന്ന ആളാണ് മാർപാപ്പയെന്ന് അദ്ദേഹം വിമർശിച്ചു. കൂടാതെ, ഡേവിഡ് ആക്സൽറോഡ് പോലുള്ള ഇടത് ചിന്താഗതിക്കാരുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലിയോയുടെ സഹോദരൻ ലൂയിസ് തന്നെ അനുകൂലിക്കുന്ന ആളാണെന്നും എന്നാൽ മാർപ്പാപ്പയ്ക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ട്രംപ് പരിഹസിച്ചു.

