ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

