കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി ഇന്ന് ഊർജ്ജിതമായി തിരച്ചിൽ നടക്കവേ1500 അടി താഴ്ചയിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി രമേശന്റെയും രേണുകയുടെയും മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കാണാതായി നാലാം ദിനമാണ് മൃതദേഹം കണ്ടെത്തുന്നത്.
മാണിക്യ ധാര വെള്ളച്ചാട്ടത്തിനടുത്തുവച്ചാണ് കുട്ടിയെ കാണാതായത്. എങ്ങനെയാണ് ഇത്രയും താഴ്ചയിലേക്ക് കുട്ടി വീണത് എന്നത് ഇപ്പോഴും വ്യക്തമല്ല. പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ഉല്ലാസയാത്രക്ക് പാലക്കാട് കടമ്പഴിപ്പുറത്തുനിന്നാണ് സംഘം പുറപ്പെട്ടത്. 40 അംഗസംഘമായിരുന്നു വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയത്. ഹമ്പിയിൽ നിന്നാണ് കുടുംബം ചിക്കമംഗളൂരുവിലേക്ക് എത്തിയത്. ഇവിടെ വെച്ച് കുട്ടിയെ ആരെങ്കിലും പിന്തുടർന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. കുട്ടിയുടെ മാതാപിതാക്കളും പതിനഞ്ചംഗ സംഘവും സ്ഥലത്ത് തന്നെ തുടരുകയാണ്.ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ കുട്ടി പിറകിൽ നിൽക്കുന്നുണ്ട്. എന്നാൽ 5:35ന് എടുത്ത് ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളിൽ എന്താണ് സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്.
ചെങ്കുത്തായ മലഞ്ചെരിവുള്ള ബാവാ പുത്തൻഗിരി ചിക്കമംഗളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. പോലീസിന്റെയും വനംവകുപ്പിന്റേയും നേതൃത്വത്തിലുള്ള 25 അംഗസംഘം കഴിഞ്ഞ ദിവസങ്ങളിൽ ഇവിടം തിരച്ചിൽ നടത്തിയിരുന്നു. കർണാടക വനംവകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം നൂറംഗം സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ കൂടി നിയോഗിച്ചിരുന്നു. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തായി കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. കേരള പോലീസിന്റെ നാലംഗ സംഘവും പ്രദേശത്ത് എത്തിയിരുന്നു.

