ഉദുമയിൽ പോളിംഗ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ്. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്ലാമിക് എഎൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽവെച്ച് സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്.
ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം. ജമാൽ ധരിച്ച കണ്ണടയിൽ ക്യാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികൾ പിന്നീടുണ്ടാകുമെന്നും പോലീസ് അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതിൽ ക്യാമറയുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് ബി.എം. ജമാലിന്റെ വിശദീകരണം. ഇതേത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ബൂത്തിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.

