യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ വിപണയിൽ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 15.89 ഡോളര്‍ കുറഞ്ഞ് 97.06 ഡോളറിലേക്കാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയെത്തിയത്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഭീഷണികൾക്കും ആക്രമണങ്ങൾക്കും പിന്നാലെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നുകൊണ്ടാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചുവെന്ന് യു.എസ് പ്രസിഡന്റ് അറിയിച്ചു. ശാശ്വതസമാധാനത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

