കാത്തിരുന്ന വോട്ടെടുപ്പ് ദിനത്തിന് ഒരു നാൾ കൂടി. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കാനിറങ്ങുന്ന തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വോട്ടുറപ്പിക്കാനുള്ള അവസാന ഓട്ടത്തിൽ ആണ് സ്ഥാനാർത്ഥികൾ. ഭരണം നിലനിർത്താം എന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷമെങ്കിൽ ഇക്കുറിയെങ്കിലും ഭരണം പിടിക്കണം എന്ന വാശിയിലാണ് യു ഡി എഫ്. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളിൽ വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം ഇക്കുറിയെങ്കിലും വടക്ക് അക്കൗണ്ട് തുറക്കാൻ ആകുമെന്ന പ്രതീക്ഷയിൽ കലാശക്കൊട്ടിന് ഇറങ്ങുകയാണ് എൻഡിഎ. പ്രധാന മന്ത്രി നരേന്ദ്രമോദിയടക്കം എത്തി പ്രചാരണം നടത്തിയത് വോട്ടായി മാറ്റി സീറ്റുകൾ നേടി നിർണ്ണായക ശക്തിയാവുക എന്ന പരിശ്രമത്തിലാണ് എൻ ഡി എ സഖ്യം.
രണ്ടു മണിക്ക് ശേഷം റോഡ് ഷോയുമായി സ്ഥാനാർത്ഥികളും ഇറങ്ങും. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. കേന്ദ്രമന്ത്രി അമിത്‌ഷയും കോണ്ഗ്രെസ്സ് എം പി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിൽ എത്തി. കേന്ദ്രകൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, BJP ദേശിയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്.

