വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള നേതൃത്വം അൻപതോളം പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചു. നിലവിലെ പട്ടികയിൽ ദേശീയ നേതൃത്വം കാര്യമായ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് സൂചന. വരാനിരിക്കുന്ന മാർച്ച് 12-ലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകുക.
എല്ലാ മണ്ഡലങ്ങളിലും പൂർണ്ണമായ ഐക്യം ഉറപ്പാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കൾക്ക് കർശന നിർദേശം നൽകി. ബിഡിജെഎസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പോലും ബിജെപി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. സഖ്യകക്ഷികളുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നതിനായി താഴെത്തട്ടിലുള്ള ഏകോപനം ശക്തമാക്കാനാണ് കേന്ദ്ര നിർദേശം.

