ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടാനായത്. പതിഞ്ഞ തുടക്കമായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ് 33 പന്തില്‍ 32 റൺസ് – ചേസ് സഖ്യം 68 റണ്‍സ് ചേര്‍ത്തെങ്കിലും ഇന്നിംഗ്‌സിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 27 റണ്‍സ് സ്‌കോറിംഗ് വേഗത്തിലാക്കി. എന്നാല്‍ ഒരോവറില്‍ ഹെറ്റമെയറേയും ചേസിനേയും മടക്കിയച്ച് ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു 50 പന്തില്‍ പുറത്താവാതെ 97 റൺസ് ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

